Tuesday, October 2, 2007

കടപ്പാട്

എന്തിനുറങ്ങാതിരിക്കുന്നു
നിത്യവും,
ചിന്തിച്ചു-ചിന്തിച്ചു
സ്വപ്നച്ചിലന്തി പോല്‍

ആരെക്കുറിച്ചാണലച്ചിലും തോറ്റവും
നീറിപ്പുകയും
ഉമി പോലെ നിന്മനം
ആറിത്തണുക്കുന്നതെന്നാണ് ?

രാത്രി മാഞ്ഞാലും വെളുക്കാത്ത നിന്‍ തല താങ്ങി
ഇരിക്കുവതെന്തിനാണത്ഭുതം ?

ഞാനുറങ്ങതെയിരിക്കുന്നതല്ല
എന്‍ ബോധാവബോധപ്പിശാചു പിടിച്ചെന്റെ
വര്‍ത്തമാനപ്പക്ഷി ചിറകിട്ടടിക്കവേ
ആര്‍ക്കാണുറങ്ങാന്‍ കഴിയുന്നതെന്നു ഞാന്‍
ആര്‍ത്ത നാദം പോലുറങ്ങാതെ ചോദിപ്പൂ.

തനിയെ ഉറങ്ങും ഉറക്കത്തിനല്ലാതെ
ആര്‍ക്കാണുറക്കം വരുത്താന്‍ കഴിയുക.

ഓരോതരത്തിലുറങ്ങുന്നവര്‍
ഓരോതരത്തിലുറങ്ങാതിരിപ്പവര്‍
ഓരോ ദിനവും
മരണത്തിലേയ്ക്കുള്ള
ദൂരം കുറയുന്നുവെന്നറിയുമ്പൊഴും
ജീവിച്ചു തീരുന്ന മാത്രകള്‍ക്കൊക്കെയും
ജീവിതം പോലെയുറങ്ങാതിരിക്കുവാന്‍
ആരാണുറക്കമെനിക്കു തരാത്ത-
തെന്നാരോടു ചോദിച്ചു
പാഴായിടാതെ ഞാനെന്നോടു ചോദിപ്പൂ
ചോദ്യമായ് ഉത്തരം.